This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിമിയന്‍ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിമിയന്‍ യുദ്ധം

Crimean War

റഷ്യയുടെ പ്രധാന തീരദേശമായ ക്രിമിയ(ക്രൈമിയ)യില്‍ റഷ്യയും പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധം (1854-56).

പശ്ചാത്തലം 1854-ല്‍ റഷ്യന്‍ ചക്രവര്‍ത്തി നിക്കോളസ് തന്റെ പൂര്‍വഗാമികളുടെ വിദേശനയം തന്നെയാണ് നടപ്പിലാക്കിയത്. മെഡിറ്ററേനിയന്‍ പ്രദേശത്ത് ഏതുവിധവും റഷ്യന്‍ ആധിപത്യം ഉറപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇതിലേക്ക് തുര്‍ക്കിയുടെ ഭാഗങ്ങള്‍ കൈവശപ്പെടുത്താനുള്ള നിക്കോളസിന്റെ ശ്രമങ്ങള്‍ പശ്ചിമയൂറോപ്പില്‍ ആശങ്ക ഉളവാക്കി. ഇതോടെ റഷ്യയുടെ മേധാവിത്വം എതിര്‍ത്തിരുന്ന ഇംഗ്ലണ്ടും ഫ്രാന്‍സും റഷ്യക്കെതിരായി നീങ്ങി. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം കൈവരുത്താനും റഷ്യയുടെ മുന്നേറ്റം തടയേണ്ടത് ആവശ്യമാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും കരുതി. ഇതിലേക്ക് തുര്‍ക്കിയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട ചുമതല അവര്‍ ഏറ്റു. കാരണം ജനസംഖ്യയില്‍ ഭൂരിപക്ഷം ക്രൈസ്തവരായിരുന്ന ബാള്‍ക്കസിലെ ജനങ്ങള്‍ മുസ്ലിം ഭരണാധികാരികളായ ഒട്ടൊമന്‍ തുര്‍ക്കികളില്‍ നിന്നും സ്വാതന്ത്ര്യ സമ്പാദിക്കാന്‍ ഉറ്റു ശ്രമിക്കുന്ന കാലമായിരുന്നു അത്. അതിനായി റഷ്യയുടെയും മറ്റു ക്രൈസ്തവ രാജ്യങ്ങളുടെയും സഹായം അവര്‍ അഭ്യര്‍ഥിച്ചുവെങ്കിലും രാഷ്ട്രീയ സാഹചര്യം അവരെ സഹായിക്കുന്നതിന് അനുയോജ്യമായിരുന്നില്ല.

1714-ലെ ഒരു ഉടമ്പടി പ്രകാരം ക്രൈസ്തവരുടെ പുണ്യസ്ഥലമായ ജറുസലേം പരിരക്ഷിക്കുവാനുള്ള ചുമതല തുര്‍ക്കിയില്‍നിന്നു ഫ്രാന്‍സ് ഏറ്റെടുക്കുകയും ക്രമേണ വിശുദ്ധനഗരത്തിന്റെ ഭരണച്ചുമതല ഫ്രഞ്ചുകാരായ ലാറ്റിന്‍ സന്ന്യാസിസമൂഹത്തില്‍ നിന്നും ഗ്രീക്ക് സന്ന്യാസിസമൂഹം കൈവശമാക്കുകയും ചെയ്തു. നെപ്പോളിയന്‍ III ഫ്രാന്‍സില്‍ അധികാരം ഏറ്റെടുത്തപ്പോള്‍ അവിടത്തെ പ്രബലശക്തിയായ കത്തോലിക്കാസഭയുടെ പിന്തുണനേടുവാന്‍ പല ഉപായങ്ങളും സ്വീകരിച്ചു. ഗ്രീക്ക് സന്ന്യാസി സമൂഹത്തില്‍ നിന്നു ജറുസലേമിന്റെ ഭരണച്ചുമതല വീണ്ടും ഫ്രാന്‍സിലെ ലാറ്റിന്‍ സമൂഹത്തിനു കൈമാറേണ്ടതാണെന്ന് അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ആസ്ട്രിയ, ഹംഗറി, സ്പെയിന്‍ എന്നീ കത്തോലിക്കാരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പുതിയ ഫ്രഞ്ച് ഭരണാധിപന്റെ നിലപാട് ന്യായീകരിച്ചു.

ഈ വാദപ്രതിവാദത്തില്‍ പൂര്‍വയൂറോപ്പിലെ പ്രബലശക്തിയായ റഷ്യ, ഗ്രീക്ക് സന്ന്യാസികള്‍ക്കു പിന്തുണ നല്‍കി. കാരണം റഷ്യന്‍ തലസ്ഥാന നഗരിയിലെ ഓര്‍ത്തഡോക്സ് സഭ ഗ്രീക്ക് സന്ന്യാസി സഭകളുടെ മാതാവായി പരക്കെ അറിയപ്പെട്ടിരുന്നു. ഗ്രീക്കു സഭാകാര്യങ്ങള്‍ മോസ്കോയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരോഹിത വര്‍ഗത്തിന്റെ ഭരണസമിതിയായ സുനഹദോസ് ആണ് നിയന്ത്രിച്ചിരുന്നത്. സുനഹദോസിന്റെ അധ്യക്ഷനായ പാത്രിയാര്‍ക്കിസ് റഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു. ഇതുമൂലം റഷ്യയ്ക്ക് തുര്‍ക്കി സുല്‍ത്താന്റെ കീഴില്‍ കഴിഞ്ഞിരുന്ന 1,40,00,000 ഗ്രീക്കു സഭാവാസികളുടെ അധീശത്വം പുലര്‍ത്താന്‍ കഴിഞ്ഞു. തങ്ങളുടെ മതപരമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ റഷ്യന്‍ ചക്രവര്‍ത്തി സഹായിക്കുമെന്ന് അവര്‍ ദൃഢമായി വിശ്വസിച്ചു. ഗ്രീക്കു സഭാകാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ റഷ്യയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന തത്പരകക്ഷികളുടെ വാദം പാശ്ചാത്യശക്തികളെ ചൊടിപ്പിച്ചു. ഒരു സന്ധി മുഖേന ഈ കാര്യം അംഗീകരിക്കേണ്ടതാണെന്ന റഷ്യയുടെ നിര്‍ദേശത്തെ അവര്‍ വകവച്ചില്ല.

ഇതിനുപുറമേ, റഷ്യന്‍ ചക്രവര്‍ത്തിയുടെ അക്രമാസക്തമായ സൈനിക പ്രവര്‍ത്തനങ്ങളും തുര്‍ക്കിയുമായിട്ടുള്ള യുദ്ധത്തിനു കാരണമായി. യാതൊരു പ്രകോപനവും കൂടാതെ റഷ്യന്‍ പട്ടാളം തുര്‍ക്കി സാമ്രാജ്യത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ മൊള്‍ഡേവിയ, വലേച്ചിയ എന്നീ പ്രവിശ്യകള്‍ കൈവശപ്പെടുത്തി. 1853 നവംബറില്‍ ഈ പ്രവിശ്യകളില്‍ നിന്നു റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുവാന്‍ തുര്‍ക്കി സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ഈ അന്തിമ ഉത്തരവ് റഷ്യ നിരാകരിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും യുദ്ധം ആരംഭിച്ചു.

യൂറോപ്പില്‍ പരമാധികാരം സ്ഥാപിക്കാന്‍ വിവിധ രാഷ്ട്രീയ ശക്തികള്‍ 19-ാം ശതകത്തിന്റെ മധ്യഘട്ടത്തില്‍ മത്സരബുദ്ധിയോടെ കിണഞ്ഞു ശ്രമിച്ചതിന്റെ പരിണതഫലമാണ് ക്രിമിയന്‍ യുദ്ധമെന്നു കരുതുന്നു.

യുദ്ധം ഒഴിവാക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒരു ശ്രമം നടത്തി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ആസ്ട്രിയ, ഹംഗറി, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വിയന്നയില്‍ സമ്മേളിച്ചു തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ റഷ്യ സ്വീകരിച്ചുവെങ്കിലും തുര്‍ക്കി പലഭേദഗതികളും ഉന്നയിച്ചു. റഷ്യന്‍സൈന്യം കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് അവരെ ഉടനെ പിന്‍വലിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഈ അന്ത്യശാസനം റഷ്യ തിരസ്കരിച്ചതോടെ യുദ്ധം ആരംഭിച്ചു.

ഏറെ താമസിയാതെ ഐക്യകക്ഷികളുടെ സൈന്യങ്ങള്‍ ക്രിമിയയില്‍ എത്തിച്ചേര്‍ന്നു. ആല്‍മാ, ബാലക്ളാവ, ഇന്‍കര്‍മാന്‍ എന്നീ പ്രദേശങ്ങളില്‍ ഐക്യകക്ഷിസേനകളും റഷ്യന്‍ സേനകളും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. ആംഗ്ളോ-ഫ്രഞ്ച് സൈന്യം യുദ്ധരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡാന്യൂബില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി. മോള്‍ഡേവിയോ, വലേച്ചിയ എന്നീ പ്രദേശങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. ക്രിമിയ ലക്ഷ്യമാക്കി ഐക്യസേന നീങ്ങി. കരിങ്കടലിന്റെ പ്രവേശനമാര്‍ഗമായ സെബസ്റ്റപോളില്‍ റഷ്യക്കാര്‍ പണിതുയര്‍ത്തിയിരുന്ന പുതിയ കോട്ട പിടിക്കാനാണ് ഐക്യകക്ഷികള്‍ ശ്രമിച്ചത്. 1854 സെപ്തംബറില്‍ കരിങ്കടല്‍ കടന്ന് ക്രിമിയയുടെ പശ്ചിമഭാഗത്ത് എത്തിച്ചേര്‍ന്നു. സെബസ്റ്റപോളിലേക്ക് അവര്‍ നീങ്ങി. പക്ഷേ റഷ്യന്‍ സൈന്യം അവരുടെ മുന്നേറ്റം ചെറുത്തു. സെപ്തംബര്‍ 20-ന് നടന്ന അല്‍മായുദ്ധത്തില്‍ ഐക്യകക്ഷികള്‍ വിജയിച്ചു. അനന്തരം സെബസ്റ്റപോള്‍ കോട്ട പിടിക്കാന്‍ അവര്‍ 1854 ഒക്ടോബര്‍ മുതല്‍ 1855 സെപ്തംബര്‍ വരെ പൊരുതി. ഇത്ര ദീര്‍ഘമായ യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളോ വിഭവങ്ങളോ അവര്‍ക്കുമുണ്ടായിരുന്നില്ല. ശൈത്യകാലാവസ്ഥയും പ്രതികൂലമായിരുന്നു. നവംബര്‍ 5-ന് ഇന്‍കര്‍മാന്‍ യുദ്ധത്തില്‍ റഷ്യക്കാര്‍ മുന്‍കൈയെടുത്ത് ഐക്യസേനയെ ആക്രമിച്ചു. പല കാരണങ്ങളാലും ഐക്യകക്ഷിസേനയുടെ നില പരുങ്ങലിലായി.

ഈ സമയത്ത് ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കക്ഷിക്കാരും യുദ്ധത്തിന്റെ കെടുതിയില്‍ തളര്‍ന്നു കഴിഞ്ഞിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്ട്രിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വിയന്നയില്‍ സമ്മേളിച്ച് ഒരു യുദ്ധവിരാമ ഉടമ്പടിക്കു രൂപംകൊടുത്തു. അതില്‍ നാലു പ്രധാന വ്യവസ്ഥകളാണ് ഉന്നയിച്ചത്: (i) മോള്‍ഡേവിയാ, സെര്‍ബിയ, വലേച്ചിയ എന്നീ പ്രദേശങ്ങള്‍ റഷ്യ കൈവെടിയേണ്ടതാണ്; (ii) ഡാന്യൂബ് നദിയില്‍ ഗതാഗതം നടത്തുവാന്‍ എല്ലാരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യ ഉണ്ടായിരിക്കണം; (iii) കരിങ്കടലിലുള്ള റഷ്യന്‍ ആധിപത്യം അവസാനിപ്പിക്കണം; (iv) തുര്‍ക്കി സുല്‍ത്താന്റെ കീഴിലുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളെ സംരക്ഷിക്കാനുള്ള അവകാശം റഷ്യ ഉന്നയിക്കരുത്. ഈ വ്യവസ്ഥകളില്‍ ആദ്യത്തെ മൂന്നും റഷ്യ അംഗീകരിച്ചുവെങ്കിലും നാലാമത്തേത് തിരസ്കരിച്ചതിനാല്‍ യുദ്ധം തുടര്‍ന്നു.

ഭാവി സമാധാന സമ്മേളനത്തില്‍ സാര്‍ഡീനിയയ്ക്ക് പ്രാതിനിധ്യം ലഭിക്കുവാനും ആസ്ട്രിയയ്ക്കെതിരായി മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സഹാനുഭൂതി നേടുവാനുമായി സാര്‍ഡീനിയയില്‍ പ്രധാനമന്ത്രി കവൂര്‍ ക്രിമിയന്‍ സുദ്ധത്തില്‍ പങ്കെടുത്തു. 1855 സെപ്തംബറില്‍ സെബസ്റ്റപോളില്‍ അനുകൂലമായ കാലാവസ്ഥ സംജാതമായതിനെത്തുടര്‍ന്ന് ഐക്യകക്ഷിസേനകള്‍ അവിടത്തെ പ്രധാന കോട്ട പിടിച്ചെടുത്തു. ഇതോടുകൂടി ക്രിമിയന്‍ യുദ്ധം അവസാനിച്ചു (1856).

1856-ലെ പ്രധാന വ്യവസ്ഥകള്‍: (i) എല്ലാ രാഷ്ട്രങ്ങള്‍ക്കും കരിങ്കടലില്‍ ഗതാഗത സൗകര്യം ഉണ്ടായിരിക്കണം; (ii) തുര്‍ക്കിക്കോ റഷ്യയ്ക്കോ കരിങ്കടലില്‍ നാവികപ്പടയെ സ്ഥിരമായി നിലനിര്‍ത്തുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല; (iii) ഡാന്യൂബിന്റെ മേലുള്ള റഷ്യന്‍ അധീശത്വം അവസാനിപ്പിക്കേണ്ടതാണ്; (iv) ഡാന്യൂബിയന്‍ പ്രദേശങ്ങള്‍ സ്വതന്ത്ര പ്രദേശങ്ങളായി പരിഗണിക്കപ്പെടണം. പക്ഷേ, അവയുടെ മേല്‍ തുര്‍ക്കിക്ക് നാമമാത്രമായ മേല്‍ക്കോയ്മ ഉണ്ടായിരിക്കേണ്ടതാണ്; (്) തുര്‍ക്കിസാമ്രാജ്യത്തെ അധിവസിക്കുന്ന ക്രിസ്ത്യന്‍ പ്രജകളോട് തുര്‍ക്കി സുല്‍ത്താന്‍ ദയാപൂര്‍വം പെരുമാറണം.

ക്രിമിയന്‍ യുദ്ധം-ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി: (i) ബാള്‍ക്കന്‍ പ്രദേശത്തും കരിങ്കടലിലും റഷ്യയ്ക്കുണ്ടായിരുന്ന സ്വാധീനം ഗണ്യമായി കുറഞ്ഞു; (ii) യുദ്ധാനന്തരം മൊള്‍ഡേവിയയും വലേച്ചിയയും രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി പരിഗണിക്കപ്പെട്ടതിനാല്‍ റഷ്യയ്ക്കും തുര്‍ക്കിക്കും മധ്യേ ഒരു പ്രതിരോധനിര ഉയര്‍ന്നു; (iii) യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ഐക്യകക്ഷികളുടെ പക്ഷത്തു ചേര്‍ന്നു പ്രവര്‍ത്തിച്ച സാര്‍ഡീനിയയ്ക്ക് സമാധാനസമ്മേളനത്തില്‍ പങ്കുകൊള്ളുവാന്‍ ക്ഷണം ലഭിക്കുകയും തന്മൂലം സാര്‍ഡീനിയന്‍ പ്രധാനമന്ത്രിക്ക് ആസ്ട്രിയന്‍ അധീശത്വം അവസാനിപ്പിക്കാന്‍ ഫ്രഞ്ചു സഹായം ലഭിക്കുകയും ചെയ്തു; (iv) അതുപോലെ ക്രിമിയന്‍ യുദ്ധത്തില്‍ ആസ്ട്രിയ നിഷ്പക്ഷത പാലിച്ചതിനാല്‍ ആസ്ട്രിയയും റഷ്യയും തമ്മിലുള്ള സൗഹൃദം തകര്‍ന്നു. പിന്നീട് 1863-ല്‍ ബിസ്മാര്‍ക്ക് ആസ്ട്രിയയ്ക്കെതിരായി റഷ്യയുടെ പിന്തുണ നേടി. ക്രമേണ ഇറ്റലിയിലും ജര്‍മനിയിലും ആസ്റ്റ്രിയയുടെ ശക്തി തകര്‍ക്കുവാന്‍ തത്പരകക്ഷികള്‍ക്ക് കഴിഞ്ഞത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ക്രിമിയന്‍ യുദ്ധം വരുത്തിവച്ച മാറ്റങ്ങളാണ്.

(പ്രൊഫ. ലോറന്‍സ് ലോപ്പസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍